ഫിലഡൽഫിയ: ഫൊക്കാനയുടെ 2026 -2028 നാഷണൽ കമ്മിറ്റിയിലേക്ക് മാത്യു ചെറിയാൻ (മോൻസി) മത്സരിക്കുന്നു. മികച്ച സാമൂഹ്യ സാംസ്കാരിക പ്രവർത്തകൻ, സംഘടനാ പ്രവർത്തകൻ തുടങ്ങി നിരവധി മേഖലകളിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ് പെൻസിൽവേനിയ മലയാളികളുടെ അഭിമാനമായ മാത്യു ചെറിയാൻ.
കഴിഞ്ഞ ഫൊക്കാന കൺവൻഷനിലും നിറസാനിധ്യമായിരുന്നു മാത്യു ചെറിയാൻ 2023ൽ ഫിലഡൽഫിയയിൽ നടന്ന ഫൊക്കാന റീജിയണൽ കൺവൻഷന് നേതൃത്വം നൽകിയവരിൽ ഒരാൾ കൂടിയാണ്.
ഫൊക്കാനയുടെ നിരവധി പരിപാടികളിൽ സജീവസാന്നിധ്യമായി കഴിവ് തെളിയിച്ച അദ്ദേഹം ഫൊക്കാനയുടെ പെൻസിൽവേനിയ റീജിയണിന്റെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനും കൂടുതൽ സംഘടനകളെ ഫൊക്കാനയുടെ ഭാഗമാകുന്നതിലും നിർണായക പങ്കുവഹിക്കുന്ന വ്യക്തികൂടിയാണ്.
ഫിലഡൽഫിയായിലെ വിവിധ മലയാളി അസോസിയേഷനുകളുമായും സഹകരിച്ച് പ്രവർത്തിക്കുന്ന മാത്യു ചെറിയാൻ, പെൻസിൽവേനിയ മലയാളി അസോസിയേഷന്റെ (പിഎംഎ) രൂപീകരണത്തിൽ മുഖ്യപങ്കുവഹിച്ച വ്യക്തിയാണ്.
പിഎംഎയുടെ മുൻ പ്രസിഡന്റ് കൂടിയായ അദ്ദേഹത്തിന്റെ പ്രവർത്തന മികവാണ് പിഎംഎ ഇന്ന് ഈ റീജിയണിലെ അറിയപ്പെടുന്ന ഒരു സംഘടനയായി മാറ്റി എടുക്കുവാനും കഴിഞ്ഞത്.
ഫൊക്കാനയുടെ ഇപ്പോഴത്തെ കമ്മിറ്റിയിൽ കൺവെൻഷൻ കോഓർഡിനേറ്ററായി പ്രവർത്തിക്കുന്ന മാത്യു ചെറിയാൻ, ഫൊക്കാനയുടെ ഈ വർഷത്തെ പ്രവത്തനങ്ങൾക്ക് തന്റേതായ രിതിയിൽ വളരെ അധികം പിന്തുണ നൽകുന്ന വ്യക്തി കൂടിയാണ്.
പെൻസിൽവേനിയ മലയാളികളുടെ ഏതു കാര്യങ്ങൾക്കും കൃത്യമായ ഇടപെടലുകൾ നടത്തുകയും പെൻസിൽവേനിയ ഏരിയയിലെ എല്ലാ മലയാളികളുമായും വളരെ അധികം സുഹൃത്തുബന്ധം കാത്തു സൂക്ഷിക്കുന്ന മോൻസി തന്റെ പ്രവർത്തന രീതിയിലൂടെ അമേരിക്കൻ മലയാളികൾക്ക് ഇടയിൽ സുപരിചിതനുമാണ്.
1985ൽ അമേരിക്കയിലേക്ക് കുടിയേറിയ മാത്യു ചെറിയാൻ സ്കൂൾ കോളേജ് വിദ്യാഭ്യാസം ഫിലഡൽഫിയയിൽ നിന്നും പൂർത്തീകരിച്ചു. ഹെൽത്ത് സയൻസിൽ ബിരുദം നേടിയതിനുശേഷം ബിസിനസ് രംഗത്തേക്ക് തിരിഞ്ഞ് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.
ഇൻഫ്രാസ്ട്രക്ച്ചർ യൂട്ടിലെറ്റ്സ് ആൻഡ് ടെലി കമ്യൂണിക്കേഷൻസ് നാഷണൽ വെെഡ് എന്ന സ്ഥാപനം നടത്തി ബിസിനസ് രംഗത്തും തിളങ്ങി നിൽക്കുന്നു. ഇപ്പോൾ കുടുംബമായി കിംഗോ പ്രഷിയായിൽ താമസിക്കുന്നു.
അമേരിക്കൻ പ്രവാസി സമൂഹത്തിന് എന്നും ആവേശം പകരുന്ന യുവ തലമുറയുടെ പ്രതിനിധിയാണ് മാത്യു ചെറിയാൻ, അദ്ദേഹത്തിന്റെ സംഘടനാ മികവും നേതൃപാടവവും ഫൊക്കാനയുടെ 2026 -2028 ലെ പ്രവർത്തനങ്ങൾക്ക് മുതൽ കുട്ടാകും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ലെന്ന് പ്രസിഡന്റ് സ്ഥാനാർഥി ലീലാ മാരേട്ട് അഭിപ്രായപ്പെട്ടു.